കേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഭേദഗതി നിർദേശിക്കാൻ തമിഴ്‌നാട്ടിൽ കമ്മിഷൻ

0 0
Read Time:3 Minute, 0 Second

ചെന്നൈ : കേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ പരിശോധിക്കുന്നതിനും സംസ്ഥാനത്ത് അവ നടപ്പാക്കുമ്പോഴുള്ള ഭേദഗതി നിർദേശിക്കുന്നതിനും തമിഴ്‌നാട് സർക്കാർ ഏകാംഗകമ്മിഷനെ നിയമിച്ചു.

സംസ്ഥാനത്ത് നിയമങ്ങളുടെ പേരുമാറ്റുന്നതിനുള്ള സാധ്യതയും കമ്മിഷൻ പരിശോധിക്കും.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ക്രിമിനൽ നടപടിച്ചട്ടത്തിന്റെയും തെളിവുനിയമത്തിന്റെയും പേര് യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നാക്കി മാറ്റുകയും നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുകയും ചെയ്തതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് നടപടി. മദ്രാസ് ഹൈക്കോടതിയിൽനിന്ന്‌ വിരമിച്ച ജസ്റ്റിസ് കെ. സത്യനാരാണനാണ് ഏകാംഗകമ്മിഷൻ. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്.

കേന്ദ്രസർക്കാർ പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവന്നതും അവയ്ക്ക് പേരുകൾ നിശ്ചയിച്ചതും ഏകപക്ഷീയമായാണ് എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പുതിയ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃതം പേരുനൽകിയതിനെതിരേ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതിഷേധവും കോടതി ബഹിഷ്കരണവും നടക്കുന്നുണ്ട്.

പുതിയ നിയമങ്ങൾ നടപ്പാക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന അഭ്യർഥനയുമായി അഭിഭാഷകരുടെ സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.

നിയമങ്ങളുടെ പേരുമാറ്റിയതിനെ ചോദ്യംചെയ്ത് അഭിഭാഷകൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഹിന്ദി സംസാരിക്കാത്ത സ്ഥലങ്ങളിലുള്ളവർക്ക് പേരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹർജിയിൽ തീർപ്പുകൽപ്പിക്കുന്നതുവരെ പുതിയ പേരുപയോഗിക്കുന്നതിൽനിന്ന് കേന്ദ്രസർക്കാരിനെ വിലക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.

ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവനും ജസ്റ്റിസ് മുഹമ്മദ് ഷഫീഖുമടങ്ങുന്ന ബെഞ്ച് കേന്ദ്രത്തിന് നോട്ടീസയച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts