ചെന്നൈ : പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ മന്ത്രിസഭയിൽ അഴിച്ചുപണി നടന്നേക്കും. പ്രകടനം മോശമായ മന്ത്രിമാരെ ഒഴിവാക്കാനും പുതുമുഖങ്ങൾക്ക് അവസരം നൽകാനുമാണ് നീക്കം.
ഇതിനൊപ്പം മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിപദവി നൽകാനും മുഖ്യമന്ത്രി സ്റ്റാലിൻ ഒരുങ്ങുന്നതായാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്നായിരുന്നു സൂചന. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് മുതിർന്നനേതാക്കൾതന്നെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വിഷമദ്യ ദുരന്തം, ബി.എസ്.പി. നേതാവിന്റെ കൊലപാതകം തുടങ്ങിയ സംഭവങ്ങളുടെപേരിൽ സർക്കാർവിരുദ്ധവികാരം ശക്തമായതോടെ ഉദയനിധിയുടെ സ്ഥാനക്കയറ്റമുണ്ടായില്ല. മന്ത്രിസഭ പുനഃസംഘടനയും നീട്ടിവെക്കുകയായിരുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി എതിർകക്ഷികൾ ഒരുക്കങ്ങൾ തുടങ്ങിയതോടെ മന്ത്രിസഭ അഴിച്ചുപണിയും ഉടൻ നടത്താനാണ് ഒരുങ്ങുന്നത്.
സംസ്ഥാനത്തേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിനുള്ള സ്റ്റാലിന്റെ യു.എസ്. സന്ദർശനവും ഉടനുണ്ടാകും. ഇതിനുമുൻപ് മന്ത്രിസഭയിൽ അഴിച്ചുപണി നടത്താനാണ് സാധ്യത.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടൻ വിജയ്‌കൂടി സജീവമാകുന്ന പശ്ചാത്തലത്തിൽ മന്ത്രിസഭയിൽ കൂടുതൽ യുവാക്കളെ ഉൾപ്പെടുത്താനാണ് നീക്കം.
ഉപമുഖ്യമന്ത്രിസ്ഥാനത്തിനൊപ്പം കൂടുതൽ പ്രധാന വകുപ്പുകളും ഉദയനിധിക്ക് ലഭിച്ചേക്കും.