ചെന്നൈ : പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഉദ്ഘാടനം കാത്തുകിടക്കുന്നത് എട്ട് വന്ദേഭാരത് തീവണ്ടികൾ.
ഇവയുടെ പരീക്ഷണയോട്ടം പൂർത്തിയായെങ്കിലും ഉദ്ഘാടനം സംബന്ധിച്ച് റെയിൽവേയിൽനിന്ന് അറിയിപ്പുണ്ടായിട്ടില്ല.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ റൂട്ടുകളും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഉദ്ഘാടനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം രാജ്യത്ത് ഇതുവരെ വന്ദേഭാരതിന്റെ ഉദ്ഘാടനംനടത്തിയിട്ടില്ല. എപ്പോൾനടത്തുമെന്ന പ്രഖ്യാപനവും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
വന്ദേ മെട്രോ പരീക്ഷണയോട്ടം നടത്തിയിയെങ്കിലും ഏതുറൂട്ടിൽ ഓടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഐ.സി.എഫിന്റെ വന്ദേഭാരത് സ്ലീപ്പർ വണ്ടിയുടെ പണിയും പുരോഗമിക്കുന്നു. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എൽ.-ബെമൽ) സഹകരണത്തോടെ 20 കോച്ചുകളടങ്ങിയ 10 വണ്ടികളുടെ നിർമാണംനടക്കുന്നു.
24 കോച്ചുകളടങ്ങിയ 50 വന്ദേഭാരത് സ്ലീപ്പർ വണ്ടികൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ ഐ.സി.എഫ്. വികസിപ്പിച്ചിട്ടുണ്ട്.
അടുത്ത രണ്ടുവർഷത്തിനുള്ളിൽ നിർമാണംപൂർത്തിയാക്കാനാണ് പദ്ധതി. 54 വന്ദേഭാരത് വണ്ടികളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.