ചെന്നൈ : നടൻ വിജയ് പാർട്ടിയുണ്ടാക്കിയത് രാഹുൽഗാന്ധിയുടെ നിർദേശ പ്രകാരമാണെന്ന് കോൺഗ്രസ് മുൻ ദേശീയസെക്രട്ടറിയും നിലവിൽ ബി.ജെ.പി. നേതാവുമായ എസ്. വിജയധാരണി. താൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ വിജയ്‌യോട് പാർട്ടി തുടങ്ങാൻ രാഹുൽ നിർദേശിച്ചുവെന്നാണ് വിജയധാരണിയുടെ വെളിപ്പെടുത്തൽ. വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം ഭാവിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
വിജയധാരണിയുടെ പരാമർശം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കു വഴിയൊരുക്കി. എന്നാൽ, വിജയധാരണിയുടെ പരാമർശത്തോട് തമിഴക വെട്രി കഴകം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന സമയത്താണ് രാഹുൽ ഗാന്ധി ഡൽഹിയിൽവെച്ച് വിജയ്‌യോട് പാർട്ടി തുടങ്ങാൻ ആവശ്യപ്പെടുന്നതെന്നും പിന്നീട് ഫോണിൽ വിളിച്ച് തമിഴ്‌നാട്ടിൽ വിജയ്‌ക്കൊപ്പംനിന്ന് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ താത്പര്യമുണ്ടെന്നും അറിയിച്ചുവെന്നാണ് വിജയധാരണി വ്യക്തമാക്കിയത്. തുടർന്ന് രാഹുൽ ഗാന്ധിയും വിജയും തമ്മിൽ ചർച്ച നടത്തിയതായും യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം വിജയ്‌ക്ക് നൽകുമെന്നുംവരെ റിപ്പോർട്ടുകൾ വന്നു. വിജയ്‌യും രാഹുലും വളരെക്കാലം ഇ-മെയിൽ വഴിയും ഫോണിലും ബന്ധപ്പെട്ടിരുന്നുവെന്ന് അച്ഛൻ എസ്.എ. ചന്ദ്രശേഖർ വെളിപ്പെടുത്തിയ കാര്യവും വിജയധാരണി ചൂണ്ടിക്കാട്ടി.