ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചൂട് തമിഴ് ചലച്ചിത്രമേഖലയിലേക്കും

0 0
Read Time:3 Minute, 27 Second

ചെന്നൈ : കേരളത്തിൽ വിവാദത്തിനു തുടക്കമിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചൂടേറ്റ് തമിഴ് ചലച്ചിത്രമേഖലയും ശുദ്ധികലശത്തിനൊരുങ്ങുന്നു.

അഭിനേതാക്കളുടെ സംഘടനയായ നടികർസംഘം നടികൾക്കുനേരേയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചു.

പത്തുദിവസത്തിനകം പത്തംഗസമിതി രൂപവത്കരിക്കുമെന്ന് ജനറൽസെക്രട്ടറി നടൻ വിശാൽ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപുതന്നെ ഗായിക ചിൻമയി, നടി ശ്രീ റെഡ്ഡി, ശരത്കുമാറിന്റെ മകൾ വരലക്ഷ്മി, നടി ഐശ്വര്യാ രാജേഷ് തുടങ്ങിയവർ പല പരാതികളും ഉന്നയിച്ചിരുന്നു. എന്നാൽ അതൊക്കെ മീടു വിവാദത്തിൽ തളച്ചിടുകയായിരുന്നു.

കേരളത്തിലെ സംഭവവികാസങ്ങൾ പല നടികളുടെയും പ്രതികരണശേഷി വീണ്ടും ഉണർത്തി. ലിംഗപരമായ വിവേചനം തമിഴ് സിനിമാവ്യവസായത്തെ കൈയടക്കിയെന്ന് സംവിധായികയും ഗാനരചയിതാവുമായ ദമയന്തി ഹേമ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ നികൃഷ്ടമായ ലൈംഗികചൂഷണങ്ങൾ പുറത്തുവന്നുവെന്നും ഇരകൾക്ക് നീതിലഭിക്കണമെന്നും നടി സാമന്ത അഭിപ്രായപ്പെട്ടു.

അവസരങ്ങൾക്കായി തന്നോടും അമ്മയോടും വഴങ്ങാൻ ആവശ്യപ്പെട്ട സംഭവം സീരിയൽനടി ശ്രീനിധി വെളിപ്പെടുത്തി. ലൈംഗിക ചൂഷണത്തിനെതിരേ സ്ത്രീകൾ നിലകൊള്ളണമെന്ന് നടിയും ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗവുമായ ഖുശ്ബുവും നേരത്തെ പ്രതികരിച്ചു.

അതേസമയം, ഹേമ കമ്മിറ്റിപോലെ തമിഴ് സിനിമാമേഖലയിൽ കമ്മിറ്റിയുണ്ടാക്കുന്നത് ഗുണംചെയ്യില്ലെന്നാണ് ചിന്മയിയുടെ അഭിപ്രായം.

പരാതിപ്പെട്ടാലും തമിഴ് സിനിമാരംഗം സുരക്ഷിതമാണെന്ന റിപ്പോർട്ടായിരിക്കും തയ്യാറാക്കിപ്പിക്കുകയെന്നും അവർ ആരോപിച്ചു. കേരളത്തിൽ രാഷ്ട്രീയപ്രബുദ്ധത കൂടുതലായതിനാലാണ് അതിവേഗനടപടിയെന്നും എന്നാൽ തമിഴ്‌നാട്ടിൽ ഇത് എത്രകണ്ട് ഫലവത്താവുമെന്ന് സംശയമാണെന്നും എഴുത്തുകാരി മീന കന്ദസാമി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഉണർവായി കാണണമെന്നു നിർദേശിച്ച ചിൻമയി മലയാളസിനിമയിലെ സ്ത്രീകളുടെ കരുത്താണ് ഇങ്ങനെയൊരു നടപടിയിലേക്കെത്തിക്കാൻ കാരണമായതെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, തമിഴ് സിനിമാമേഖലയിൽനിന്ന് ഇതുവരെ ലൈംഗികാതിക്രമ പരാതികളൊന്നും ലഭിച്ചില്ലെന്ന് സംസ്ഥാന വിവരസാങ്കേതിക വകുപ്പുമന്ത്രി പി. സ്വാമിനാഥൻ പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts