ചെന്നൈ : ട്രിച്ചി-രാമേശ്വരം ഹൈവേയിൽ ട്രക്ക് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ച് അഞ്ച് പേർ മരിക്കുകയും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ 19 പേർക്ക് പരിക്കേറ്റതായും ഇവരെ ചികിത്സയ്ക്കായി പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
പുതുക്കോട്ടയിൽ നിന്ന് കാരക്കുടിയിലേക്കുള്ള യാത്രാമധ്യേ നമനസമുദ്രത്തിലാണ് ദാരുണമായ അപകടം നടന്നത്.
ചെന്നൈ തിരുവള്ളൂരിൽ നിന്നുള്ള അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. വാനിൽ ഓംശക്തി ക്ഷേത്രം സന്ദർശിക്കാൻ പോയതായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു.
ഇവർക്ക് പുറമെ, ചെന്നൈ തിരുവള്ളൂർ ഭാഗത്ത് നിന്നുള്ള അയ്യപ്പഭക്തരുടെ വാനും തിരുക്കടയൂരിൽ നിന്ന് അഞ്ച് പേർ അടങ്ങുന്ന മറ്റൊരു കാറും ചായ കുടിക്കാനായി നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ചായക്കടയിൽ നിർത്തിയിരുന്നു.
തുടർന്ന് അരിയല്ലൂരിൽ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമന്റ് ചാക്കുകൾ കയറ്റി വന്ന ട്രക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ചുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തിൽ 19 പേരെ പരിക്കുകളോടെ പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി അന്വേഷണം ആരംഭിച്ചു. പുതുക്കോട്ട ജില്ലയിൽ പുലർച്ചെയുണ്ടായ ഈ ദാരുണമായ അപകടം മേഖലയിൽ വലിയ ഞെട്ടലും ദുഃഖവും സൃഷ്ടിച്ചിരിക്കുകയാണ്