ചെന്നൈ: ഗൂഡല്ലൂരിന് സമീപം പിടികൂടിയ നാല് വയസ്സുള്ള പുലിയെ വണ്ടല്ലൂരിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലെ (AAZP) രക്ഷാകേന്ദ്രത്തിൽ എത്തിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് പന്തലൂരിലെ ബിതേർകാട് ഫോറസ്റ്റ് റേഞ്ചിലെ മാമ്പഴ എസ്റ്റേറ്റിൽ മൂന്ന് വയസുകാരി നാൻസിയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.
കൂടാതെ ഡിസംബർ 21 ന് ശേഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും പ്രദേശത്ത് പുള്ളിപ്പുലി ആക്രമണം നടത്തിയട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മുമ്പൊരു സംഭവത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പ്രദേശത്തെ മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും അതിൽ ഒരാൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം മരിക്കുകയും ചെയ്തു.
പുലിയെ പിടികൂടാൻ ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകി ദിവസങ്ങൾക്ക് ശേഷവും, ഞായറാഴ്ചയാണ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയെ പിടികൂടിയത്.
തിങ്കളാഴ്ച മൃഗശാലയിൽ കൊണ്ടുവന്ന പുലിയുടെ വലത് കൈകാലിന് പരിക്ക് പറ്റിയിട്ടുണ്ടെന്നും പരിശോധനയിലാണ് എന്നും ഇതിന് ചികിത്സ നൽകുമെന്നും മൃഗശാല അധികൃതർ അറിയിച്ചു.
കൂടാതെ മൃഗശാലയിലെ മൃഗഡോക്ടർമാർ പുള്ളിപ്പുലിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്നും ഡയറക്ടറും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് ആർ. റെഡ്ഡി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.