ചെന്നൈ :മധുരയിലെ പാലമേട് ജല്ലിക്കെട്ടിൽ പാറക്കൽ കോളനിയിൽ താമസിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട 300-ഓളം പറയർ കുടുംബങ്ങൾക്ക് നേരെ വിവേചനം നടന്നതായി ആരോപണം.
കാളകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർചെയ്താലും ടോക്കൺ നിഷേധിക്കുകയാണ്.
ഉയർന്നജാതിക്കാർക്ക് നിർണായക സ്വാധീനമുള്ള ജല്ലിക്കെട്ട് സംഘാടകസമിതിയുമായി അധികൃതർ ഒത്തുകളിക്കുകയാണെന്ന് കോളനിക്കാർ ആരോപിക്കുന്നു.
ജല്ലിക്കെട്ടിൽ ക്ഷേത്രകാളകൾക്ക് പ്രത്യേകസ്ഥാനമുണ്ട്.
‘മര്യാദ കാളകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. മത്സരം തുടങ്ങുമ്പോൾ ആദ്യം കളത്തിലിറക്കുന്നത് ക്ഷേത്രകാളകളെയാണ്.
പൂമാലയും ഭസ്മക്കുറിയും അണിഞ്ഞെത്തുന്ന ഇവയെ വീരന്മാർ പിടിച്ചുനിർത്തില്ല; പകരം തൊട്ടുവണങ്ങും.
പാലമേട് മഹാലിംഗം മഠം സമിതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 50 വർഷമായി ഇവിടെ ജല്ലിക്കെട്ട് നടത്തുന്നത്.
ഇവർ പറയർ വിഭാഗത്തിന്റെ പാറക്കറുപ്പ്സാമി ക്ഷേത്രത്തിലെ കാളയെ മര്യാദ കാളയായി പരിഗണിക്കില്ല.
ഇതേസമയം നാടാർ, കൗണ്ടർ, ചെട്ടിയാർ, പിള്ള, നായ്ക്കർ, പള്ളർ വിഭാഗങ്ങളുടെ കാളകളെ പരിഗണിക്കും.
സാമൂഹികനീതിയുടെ കരങ്ങൾ രക്ഷയ്ക്കുണ്ടെന്ന് പറയരുടെ ക്ഷേത്രകാളയെ അനുഗമിച്ച പാറക്കൽ കോളനിയിലെ പറയർവിഭാഗക്കാർ വിശ്വസിച്ചു.
എന്നാൽ, തൊട്ടുകൂടായ്മ അവർക്കുമുന്നിൽ വിലങ്ങുതടിയായി. മറ്റുവിഭാഗക്കാരുടെ കാളകൾക്കൊപ്പം പറയരുടെ ക്ഷേത്രകാളയായ വെള്ളയനെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു പാലമേട് ജല്ലിക്കെട്ട് സംഘാടകസമിതിയുടെ നിലപാട്.
ഇതിനെതിരേ ശബ്ദമുയർത്തിയോടെ മത്സരത്തിലും പറയരുടെ കാളകൾക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി.
ഇത് വിവേചനമല്ലെന്നും പരമ്പരാഗത രീതിയാണെന്നുമാണ് സമിതിയുടെ വിശദീകരണം.
പ്രതിഷേധമുയർന്നതോടെ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇത്തവണ നിലവിലുള്ള ഏഴ് മര്യാദ കാളകൾക്കുശേഷം എട്ടാമത്തെ കാളയായി പറയർവിഭാഗത്തിന്റെ കാളയെ അനുവദിക്കാമെന്ന് വാക്കാൽ ഉറപ്പുനൽകിയിരുന്നെങ്കിലും വിലക്കുകയായിരുന്നു.
മര്യാദ കാളയായി പരിഗണിക്കില്ലെന്നും വേണമെങ്കിൽ മത്സരിപ്പിക്കാമെന്നുമാണ് സമിതിയുടെ നിലപാട്.
വിവേചനം അവസാനിപ്പിക്കാതെ ജല്ലിക്കെട്ടിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് കോളനി നിവാസികൾ.
ജല്ലിക്കെട്ട് നടത്തിപ്പ് സർക്കാർ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.