ചെന്നൈ : അണ്ണാ ഡി.എം.കെ.യുടെ ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയിൽ കരുത്തുകാട്ടാൻ ബി.ജെ.പി. ഒരുങ്ങുമ്പോൾ ഇരുപാർട്ടികളെയും പിടിച്ചുകെട്ടാൻ ഡി.എം.കെ. നീക്കം.
തമിഴ്നാടിന്റെ പടിഞ്ഞാറ് മേഖലയിലെ 11 ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാട്ടിലെ പ്രധാന മണ്ഡലങ്ങൾ സഖ്യകക്ഷികളിൽനിന്ന് ഡി.എം.കെ. ഏറ്റെടുത്തു.
കോയമ്പത്തൂർ സി.പി.എമ്മിൽനിന്നും ഈറോഡ് എം.ഡി.എം.കെ.യിൽനിന്നും ഏറ്റെടുത്തു. രണ്ടുമണ്ഡലത്തിലും ശക്തരായ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ഡി.എം.കെ. ഒരുങ്ങുന്നത്.
മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാനാണ് തയ്യാറെടുത്തത്. തങ്ങളുടെ സിറ്റിങ് സീറ്റെന്നനിലയിൽ സി.പി.എമ്മും കോയമ്പത്തൂരിനായി വാദിച്ചു.
എന്നാൽ, ഇരുപാർട്ടിക്കും നൽകാതെ ഡി.എം.കെ. ഈ സീറ്റ് ഏറ്റെടുക്കുകയായിരുന്നു. കമലിന് രാജ്യസഭാസീറ്റ് നൽകാമെന്നാണ് വാഗ്ദാനം. സി.പി.എമ്മിന് ദിണ്ടിഗൽ സീറ്റ് നൽകി.
കന്യാകുമാരിപോലെ ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന കോയമ്പത്തൂരിൽ വി.ഐ.പി. സ്ഥാനാർഥി വരുമെന്നാണ് പ്രതീക്ഷ.
അണ്ണാ ഡി.എം.കെ.യും ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കും. കഴിഞ്ഞ തവണ ഈറോഡിൽ വൈകോയുടെ എം.ഡി.എം.കെ.യാണ് മത്സരിച്ചത്.
ഡി.എം.കെ.യുടെ ഉദയസൂര്യൻ ചിഹ്നത്തിലാണ് എം.ഡി.എം.കെ. സ്ഥാനാർഥി ഗണേശമൂർത്തി മത്സരിച്ചത്. ഇത്തവണ എം.ഡി.എം.കെ.യെ അവരുടെ ചിഹ്നത്തിൽ മത്സരിക്കാൻ അനുവദിച്ചെങ്കിലും ഈറോഡിന് പകരം തിരുച്ചിറപ്പള്ളി നൽകി.
കൊങ്കുനാട് മക്കൾ ദേശീയ കക്ഷിക്ക് നാമക്കൽ സീറ്റ് അനുവദിച്ചെങ്കിലും ഇവർ ഡി.എം.കെ.യുടെ ചിഹ്നത്തിലാകും മത്സരിക്കുക.
അതിനാൽ കൊങ്കുനാട്ടിലെ പ്രധാന മണ്ഡലങ്ങളിൽ സി.പി.ഐ.ക്ക് നൽകിയ തിരുപ്പൂർ ഒഴിച്ച് മറ്റിടങ്ങളിൽ ഡി.എം.കെ.യുടെ ഉദയസൂര്യൻ ചിഹ്നം നിറഞ്ഞുനിൽക്കും.
സഖ്യകക്ഷി മത്സരിച്ചാൽ പാർട്ടി പ്രവർത്തകരിൽ ആവേശം കുറവായിരിക്കുമെന്നാണ് ഡി.എം.കെ.യുടെ വിലയിരുത്തൽ. അതിനാലാണ് കൊങ്കുനാട്ടിൽ പരമാവധി സീറ്റുകളിൽ നേരിട്ടു മത്സരിക്കുന്നത്.