ചെന്നൈ : കഴിഞ്ഞ പത്തുവർഷത്തിൽ 10 ലക്ഷം കോടി രൂപ തമിഴ്നാടിന് അനുവദിച്ചെന്ന ബി.ജെ.പി.യുടെ അവകാശവാദത്തിനെതിരേ ‘വട’പ്രചാരണവുമായി ഡി.എം.കെ.
ഒന്നും ചെയ്യാതെ അവകാശവാദം ഉന്നയിക്കുന്നതിനെയാണ് വടചുടുക എന്ന തമിഴിലെ പ്രാദേശികപ്രയോഗത്തിലൂടെ അർഥമാക്കുന്നത്.
ബി.ജെ.പി. നുണ പ്രചരിപ്പിക്കുകയാണെന്ന് സൂചിപ്പിച്ചാണ് ഇപ്പോൾ വടപ്രചാരണം തുടങ്ങിയത്.
പത്തുലക്ഷം പേർക്ക് ജോലിനൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ച തമിഴ് പത്രത്തിനുമുകളിൽ വടവെച്ചിരിക്കുന്ന ചിത്രം എക്സിൽ പോസ്റ്റ് ചെയ്തുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
10 ലക്ഷം കോടി നൽകിയെന്ന അവകാശവാദത്തിനെതിരായ വിശദീകരണവും സ്റ്റാലിൻ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധനകാര്യ കമ്മിഷന്റെ ശുപാർശപ്രകാരം നികുതിവിഹിതമായി 10 വർഷത്തിൽ 5.5 ലക്ഷം കോടി രൂപയാണ് തമിഴ്നാടിന് കേന്ദ്രം നൽകിയത്. ഇതേസമയം ഉത്തർപ്രദേശിന് 18.5 ലക്ഷം കോടി നൽകി.
മധുര എയിംസിന് 1960 കോടി നൽകിയെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. എന്നാൽ, എയിംസിനായി ഒരു ഇഷ്ടികപോലും മധുരയിൽ സ്ഥാപിച്ചിട്ടില്ല.
ചെന്നൈ മെട്രോക്ക് 63,246 കോടി അനുവദിച്ചുവെന്നാണ് പറയുന്നതെങ്കിലും ഒരു രൂപപോലും നൽകിയില്ലെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
എത്ര നുണകൾ രാജ്യം സഹിക്കണമെന്നും സ്റ്റാലിൻ ചോദിച്ചു. ഡി.എം.കെ. നേതാക്കളും പ്രവർത്തകരും വടപ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.