ചെന്നൈ: ട്രിച്ചിയിൽ ഓടുന്ന ബസിൽ സീറ്റ് ഇളകി റോഡിൽ വീണ കണ്ടക്ടർക്ക് പരിക്ക്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ വർക്ക്ഷോപ്പ് മാനേജർ ഉൾപ്പെടെ 3 പേരെ പിരിച്ചുവിട്ടു.
ഇന്നലെ ട്രിച്ചി സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും കെകെ നഗറിലേക്ക് പുറപ്പെട്ട സർക്കാർ സിറ്റി ബസിലാണ് സംഭവം ഉണ്ടായത്.
സംഭവ സമയം ഇടമലപ്പട്ടിപുത്തൂർ സ്വദേശിയായ കണ്ടക്ടർ മുരുകേശൻ (54) ആ ബസിലെ കേടായ സീറ്റിൽ ഇരിക്കുകയായിരുന്നു.
സെൻട്രൽ ബസ് സ്റ്റാൻഡിൽ നിന്ന് കാളയരംഗം കല്യാണമണ്ഡപം കടന്ന് ഒരു വളവിൽ ബസ് തിരിഞ്ഞപ്പോൾ കേടായ സീറ്റ് മുഴുവനും ഇളകി ബസ്സിൻ്റെ മുൻവശത്തെ പടികളിലൂടെ സീറ്റിനൊപ്പം കണ്ടക്ടർ മുരുകേശൻ റോഡിലേക്ക് വീഴുകയായിരുന്നു.
ഇയാളുടെ കൈക്കും കാലിനും പരിക്കേറ്റു. ബസ് യാത്രക്കാർ നിലവിളിച്ചതോടെ ഡ്രൈവർ ഭാസ്കരൻ ബസ് നിർത്തി പരിക്കേറ്റ കണ്ടക്ടർ മുരുകേശനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
കേടായ ബസ് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി. അതിനിടെ ഇതുമായി ബന്ധപ്പെട്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.