രമേശ്വരം വൻകരയുമായി ബന്ധിപ്പിക്കുന്ന പാമ്പനിലെ പുതിയപാലത്തിന്റെ പണി നിർണായകഘട്ടത്തിൽ; അടുത്തമാസത്തോടെ പൂർത്തിയാക്കും

pampan bridge
0 0
Read Time:3 Minute, 49 Second

ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം നിർണായകഘട്ടത്തിലേക്ക്.

കപ്പൽ വരുമ്പോൾ കുത്തനെ ഉയരുന്ന ഭീമൻ ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന ശ്രമകരമായ ജോലിയാണ് നടക്കുന്നത്.

ജൂൺ 30-ഓടെ നിർമാണം പൂർത്തിയാക്കാനാണ് റെയിൽ വികാസ് നിഗത്തിന്റെ പദ്ധതി.

പ്രക്ഷുബ്ധമായ കടലിൽ 2.08 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ 331 കാലുകളും 99 ഗർഡറുകളും സ്ഥാപിച്ചു.

കപ്പൽ കടന്നുപോകുമ്പോൾ തുറന്നുകൊടുക്കുന്ന ലിഫ്റ്റ് സ്പാനാണ് ഇനിഘടിപ്പിക്കാനുള്ളത്.

72.5 മീറ്റർ നീളവും 16 മീറ്റർ വീതിയും 550 ടൺ ഭാരവുമുള്ള സ്പാൻ പാലത്തിനുമുകളിലൂടെ രാമേശ്വരം ഭാഗത്തേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്.

ചെറിയ വളവോടെയാണ് പാലത്തിന്റെ നിർമിതിയെന്നതുകൊണ്ട് പതുക്കെയാണ് സ്പാൻ നീക്കുന്നത്.

യഥാസ്ഥാനത്തെത്തിച്ച് സ്പാൻ സ്ഥാപിച്ചുകഴിഞ്ഞാൽ മറ്റു ജോലികൾ വേഗം തീർത്ത് പാലം തുറക്കാനാകുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.

കപ്പലുകൾക്ക് വഴിയൊരുക്കാൻ ഒരുഭാഗം ലംബമായി 17 മീറ്റർ ഉയരുന്ന ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണ് പാമ്പനിലേത്. ഇന്ത്യയിൽ ഇത്തരത്തിൽ നിർമിക്കുന്ന ആദ്യപാലമാണിത്.

പാലത്തിന്റെ ഒരുഭാഗം രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയപാലത്തിലേത്.

പഴയ റെയിൽപ്പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്.

തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇപ്പോൾ റോഡുമാർഗമേ രാമേശ്വരത്തെത്താനാവൂ.

പുതിയ പാലം തുറക്കുന്നതോടെ കേരളത്തിൽനിന്നുള്ള അമൃത എക്സ്പ്രസ് ഉൾപ്പെടെയുള്ള വണ്ടികൾ രാമേശ്വരംവരെ ഓടും.

ശ്രീലങ്കയിലേക്ക് ചരക്കുകൊണ്ടുപോകുന്നതിന് അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് 1914-ൽ പഴയ ഉരുക്കുപാലം പണിതത്.

1988-ൽ റോഡുപാലം വരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടാനുള്ള ഏകവഴി.

കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് ഇതിനു സമാന്തരമായി പുതിയപാലം നിർമിക്കാൻ റെയിൽവേ തീരുമാനിച്ചത്.

കടലിനുമുകളിലൂടെയുള്ള പാലത്തിലൂടെ മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിലാണ് തീവണ്ടികൾ ഓടിയിരുന്നത്.

പുതിയപാലത്തിൽ 80 കിലോമീറ്റർ വരെ വേഗം അനുവദിക്കുമെന്നാണ് അറിയുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെ രാമേശ്വരം റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.

Happy
Happy
80 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
10 %
Angry
Angry
10 %
Surprise
Surprise
0 %

Related posts