കേന്ദ്രബജറ്റിൽ സംസ്ഥാനത്തിന് അവഗണന; നീതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

0 0
Read Time:2 Minute, 52 Second

ചെന്നൈ : കേന്ദ്രബജറ്റിൽ തമിഴ്‌നാടിനെ അവഗണിച്ചതിൽ പ്രതിഷേധവുമായി സംസ്ഥാനത്തെ രാഷ്ട്രീയപ്പാർട്ടികൾ.

തമിഴ്‌നാടിനെ കേന്ദ്രം വഞ്ചിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. ഡൽഹിയിൽ ഈമാസം 27-ന് പ്രധാനമന്ത്രി വിളിച്ചുചേർക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ലെന്നും സ്റ്റാലിൻ അറിയിച്ചു. പങ്കെടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

മുഖ്യപ്രതിപക്ഷമായ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യുടെ സഖ്യകക്ഷികൂടിയായ പി.എം.കെ.യും അവഗണനയിൽ പ്രതിഷേധിച്ചു.

കേന്ദ്രബജറ്റ് നിരാശാജനകമാണ്. ബി.ജെ.പി.യെ അധികാരത്തിലേറാൻ സഹായിച്ച ചിലസംസ്ഥാനങ്ങൾക്കുമാത്രമാണ് ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

ഈതുക ലഭിക്കുമെന്നകാര്യത്തിൽ ഉറപ്പില്ല. ബജറ്റിൽ തമിഴ്‌നാടിനായി പ്രതീക്ഷിക്കുന്ന പദ്ധതികൾ കഴിഞ്ഞദിവസം താൻ മുന്നോട്ടുവെച്ചത് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ ഇവയെ കേന്ദ്രം അവഗണിച്ചെന്ന് കുറ്റപ്പെടുത്തി.

ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷനേതാവും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി പറഞ്ഞു. ബി.ജെ.പി.യുടെ സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുവേണ്ടിമാത്രം തയ്യാറാക്കിയ ബജറ്റാണിതെന്ന് പളനിസ്വാമി ആരോപിച്ചു.

തമിഴ്‌നാടിനുവേണ്ടി പുതിയപദ്ധതി പ്രഖ്യാപിക്കാതിരുന്നത് സംസ്ഥാനത്തോടുള്ള ബി.ജെ.പി.യുടെ വിരോധം മൂലമാണെന്നും ആരോപിച്ചു.

തമിഴ്‌നാടിന് പുതിയപദ്ധതികൾ അനുവദിക്കാത്തതിൽ പി.എം.കെ. നേതാവ് എസ്. രാമദാസും പ്രതിഷേധിച്ചു. ഇതേസമയം സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിത്തീരുവ കുറച്ചതും യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനത്തെയും സ്വാഗതംചെയ്യുന്നെന്നും രാമദാസ് പറഞ്ഞു.

ബജറ്റിൽ തമിഴ്‌നാടിനെ അവഗണിച്ചെന്ന് ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈയും ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts