ചെന്നൈ : തങ്ങൾക്കുനേരേ ലൈംഗികാതിക്രമം കാട്ടിയെന്ന മുൻവിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ കലാക്ഷേത്രയിലെ മുൻ അധ്യാപകനും മലയാളിയുമായ ശ്രീജിത്ത് കൃഷ്ണയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ബുധനാഴ്ച ശ്രീജിത്തിന്റെ ഹർജി പരിഗണിച്ചപ്പോൾ ജാമ്യംനൽകുന്നതിനെ പോലീസ് എതിർത്തു.
സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിവരുകയാണെന്നും പ്രതിയെ ഇപ്പോൾ പുറത്തുവിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് വാദം തുടരുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
കലാക്ഷേത്രയിൽ 15 വർഷംമുമ്പ് തങ്ങളുടെ അധ്യാപകനായിരുന്ന ശ്രീജിത്ത് കൃഷ്ണയിൽനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്ന് ആരോപിച്ച് ഇപ്പോൾ വിദേശത്ത് താമസിക്കുന്ന രണ്ടുവിദ്യാർഥിനികളാണ് ഇ-മെയിൽ മുഖേന പോലീസിന് പരാതി നൽകിയത്.
തുടർന്ന് കഴിഞ്ഞമാസമാണ് ചെന്നൈ നീലാങ്കരയിലുള്ള വീട്ടിൽനിന്ന് ശ്രീജിത്ത് അറസ്റ്റിലായത്.