ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ ടിക്കറ്റെടുക്കാന്‍ തയാറാകാത്ത പൊലീസ് കോണ്‍സ്റ്റബിളിന്റെ വിഡിയോ വൈറല്‍.
ചൊവ്വാഴ്ച നാഗര്‍കോവിലില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം.
കന്യാകുമാരി-തിരുനെല്‍വേലി ഹൈവേയിലെ നാങ്കുനേരി കോടതി സ്റ്റോപ്പില്‍ നിന്നാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ബസില്‍ കയറിയത്.
കണ്ടക്ടര്‍ കോണ്‍സ്റ്റബിളിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ടിക്കറ്റ് എടുക്കേണ്ട കാര്യമില്ലെന്നാണ് പൊലീസുകാരന് പറയുന്നത്.
യാത്രാ പാസുള്ള പൊലീസുകാര്‍ക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ അനുവാദമുണ്ടന്നും അല്ലാത്തവര്‍ ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ പറുയന്നതും വിഡിയോയില്‍ കാണാം.
എന്നാല്‍ സര്‍ക്കാര്‍ ബസിലെ ജീവനക്കാര്‍ക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാമെങ്കില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും സമാനമായ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നായിരുന്നു പൊലീസുകാരന്റെ മറുപടി.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് സൂപ്രണ്ട് എന്‍.സിലംബരശന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.