കണ്ണൂർ: കണ്ണൂർ ജില്ലയുടെ യാത്രാ ദുരിതത്തിന് പരിഹാരമായി മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് അന്തിമ ഘട്ടത്തിലേക്ക്.
ഇനി പൂർത്തീകരിക്കാനുളളത് മാഹി – അഴിയൂർ റെയിൽവെ മേൽപ്പാലത്തിൻ്റെ പ്രവൃത്തി മാത്രമാണ്.
ഇതിൻ്റെ 90 ശതമാനം നിർമാണവും കഴിഞ്ഞതായി കരാർ കമ്പനി അധികൃതർ അറിയിച്ചു.
ബാലം പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റ് നടന്നുവരികയാണ്. തുടർന്ന്, എക്സ്പാൻഷൻ യോജിപ്പിച്ച് ടാറിങ് ജോലി തീർക്കണം. അവസാനഘട്ട മിനുക്ക് പണി മാത്രമാണ് ഇനിയുള്ളത്.
ഫെബ്രുവരി 10നുള്ളിൽ മാഹി റെയിൽവേപ്പാലം പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി ജീവനക്കാർ.
കൊളശേരിക്കും ബാലത്തിനുമിടയിൽ ടോൾ പ്ലാസ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ടാഗ് സംവിധാനം വഴിയാണ് ടോൾ അടയ്ക്കേണ്ടത്.
ഇതിനുള്ള ക്യാമറ ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്ന പ്രവൃത്തിയും പെയിൻ്റിങ് ജോലിയുമാണ് പുരോഗമിക്കുന്നത്.
ആറുവരിപാതയിലൂടെ എത്തുന്ന വാഹനങ്ങൾ ടോൾ പ്ലാസയിലുടെ രണ്ടുവരിയായി കടന്നുപോകണം.
ഇതു ഗതാഗത തടസമുണ്ടാക്കുമോയെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. എന്നാൽ, താത്കാലികമായാണ് ഇവിടെയുള്ള ടോൾ പിരിവെന്നാണ് സൂചന.
ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് ( എഎൻപിആർ) ക്യാമറകൾ ഉപയോഗിച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ച ദൂരത്തിന് മാത്രം തുക ഈടാക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.