കനിമൊഴിക്ക് 57 കോടിയുടെ ആസ്തി രാധികാ ശരത്കുമാറിന് 53 കോടിയുടെ ആസ്തി; നാമനിർദേശപത്രികയോടൊപ്പമുള്ള പ്രമുഖരുടെ സ്വത്തുവിവരങ്ങൾ അറിയാം

0 0
Read Time:6 Minute, 56 Second

ചെന്നൈ : വിരുദുനഗർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയായ നടി രാധികാ ശരത്കുമാറിന് 53.47 കോടിയുടെ ആസ്തി. ഇതേ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ. സഖ്യത്തിൽ ഡി.എം.ഡി.കെ.യ്ക്കുവേണ്ടി കളത്തിലിറങ്ങുന്ന അന്തരിച്ച നടൻ വിജയകാന്തിന്റെ മകൻ വിജയപ്രഭാകരന് 17.95 കോടി രൂപയുടെ ആസ്തിയാണുള്ളത്.

നാമനിർദേശപത്രികയോടൊപ്പമാണ് ഇരുവരും സ്വത്തുവിവരം വെളിപ്പെടുത്തിയത്. 61-കാരിയായ രാധികയ്ക്ക് 33.01 ലക്ഷം രൂപയും 750 ഗ്രാം സ്വർണവും അഞ്ചുകിലോ വെള്ളി ആഭരണങ്ങളും ഉൾപ്പെടെ 27.05 കോടി രൂപയുടെ ജംഗമസ്വത്തുക്കളുണ്ട്. സ്ഥാവരസ്വത്തിന്റെ മൂല്യം 26.40 കോടിയാണ്. മൊത്തം ബാധ്യത 14.79 കോടി രൂപ.

അടുത്തിടെയാണ് ശരത്കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബി.ജെ.പി.യിൽ ലയിച്ചത്. 33-കാരനായ വിജയപ്രഭാകരന് 2.50 ലക്ഷം രൂപയും 192 ഗ്രാം സ്വർണവും 560 ഗ്രാം വെള്ളിയും 11.38 കോടി രൂപയുമാണ് ജംഗമസ്വത്തുക്കൾ. കന്നിയങ്കം കുറിക്കുന്ന അദ്ദേഹത്തിന്റെ ജംഗമസ്വത്തുക്കളുടെ മൂല്യം 6.57 കോടി രൂപയാണ്. 12 കോടിയുടെ ബാധ്യതകളുണ്ട്.

അതേസമയം തൂത്തുക്കുടിയിൽനിന്ന് വീണ്ടും ജനവിധിതേടുന്ന ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴിക്ക് 57 കോടിയിലേറെ രൂപയുടെ സ്വത്ത്. ഇതിൽ 37,16,25,310 രൂപ സ്ഥിര-സേവിങ് ബാങ്ക് നിക്ഷേപങ്ങളാണെന്ന് നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വെസ്റ്റ് ഗേറ്റ് ലോജിസ്റ്റിക്സിൽ 10 രൂപ മുഖവിലയുള്ള 50,000 ഓഹരികൾ വാങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 24,50,000 ബോണസ് ഓഹരികൾ ലഭിച്ചിട്ടുണ്ട്. 84 ലക്ഷം രൂപ വിലമതിയ്ക്കുന്ന ബി.എം.ഡബ്ല്യു. അടക്കം 1.37 കോടി വിലവരുന്ന മൂന്നുകാറുകൾ കനിമൊഴിയുടെ പേരിലുണ്ട്.

55.37 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. മൊത്തം 38.77 കോടിയോളം രൂപയുടെ ജംഗമസ്വത്തുകളാണ് കനിമൊഴിയുടെ പേരിലുള്ളത്. വാണിജ്യസമുച്ചയം, വീടുകൾ അടക്കം 18.54 കോടിയുടെ സ്ഥാവര സ്വത്തുകളുണ്ട്. 2022-23 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ പ്രകാരം 1.58 കോടി രൂപയാണ് വാർഷിക വരുമാനം.

ചെന്നൈ സൗത്തിൽ മത്സരിക്കുന്ന തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജന്റെ പേരിൽ ആകെ 2,17,40,286 രൂപയുടെ സ്വത്തുണ്ട്. ഇതിൽ 1.57 കോടിയോളം രൂപയുടെ ജംഗമസ്വത്തുകളും 60 ലക്ഷം രൂപയുടെ സ്ഥാവരസ്വത്തുകളുമാണ്.

കന്യാകുമാരിയിൽ മത്സരിക്കുന്ന മുൻകേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന് 7.63 കോടിയുടെ സ്വത്തുകളുണ്ട്.

ബാങ്ക് സ്ഥിരനിക്ഷേപം, മ്യൂച്വൽഫണ്ട് നിക്ഷേപം, ഓഹരികൾ ഉൾപ്പെടെ 64 ലക്ഷം രൂപയുടെ ജംഗമസ്വത്തുകളുണ്ട്. പാരമ്പര്യമായി ലഭിച്ച 6.99 കോടിയുടെ സ്ഥാവരസ്വത്തുകളാണുള്ളത്. ഇതിൽ 2.51 കോടി രൂപ വിലമതിക്കുന്ന കൃഷിയിടങ്ങൾ ഉൾപ്പെടുന്നു.

583 കോടിയിലധികം ആസ്തിയുള്ള ഈറോഡ് മണ്ഡലത്തിലെ അണ്ണാ ഡി.എം.കെ. സ്ഥാനാർഥി അശോക് കുമാർ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഏറ്റവും ധനികനായ സ്ഥാനാർഥിയായി ഇടംപിടിക്കും.

പത്രിക സമർപ്പിച്ചപ്പോഴാണ് സ്വത്തുവിവരം വെളിപ്പെട്ടത്. ജംഗമ ആസ്തികൾ 526.53 കോടിയാണ്‌. ഭാര്യ കരുണാംബികയുടെ ജംഗമ ആസ്തി 47.38 കോടിയും.

സ്ഥാവരസ്വത്തുക്കൾ 56.95 കോടിയായും ഭാര്യയുടേത് 22.60 കോടി രൂപയായും കാണിച്ചിട്ടുണ്ട്. അശോക് കുമാറിന്റെ കൈവശം 10 ലക്ഷവും ഭാര്യയുടെ പക്കൽ അഞ്ചു ലക്ഷവുമുണ്ട്. സ്വകാര്യബാങ്കിൽ 12 ലക്ഷം രൂപയുടെ ഭവനവായ്പയാണ് ആകെയുള്ള കടബാധ്യത.

ഭൂരിഭാഗം ജംഗമ ആസ്തികളും ബാങ്കുകളിലും സ്ഥിരനിക്ഷേപങ്ങളായും കടപ്പത്രങ്ങളിലും ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലുമുള്ള നിക്ഷേപമാണ്.

അശോക് കുമാറിന്റെ പക്കൽ അഞ്ചുകോടിയുടെ 10,100 ഗ്രാം സ്വർണവും ഭാര്യയുടെ കൈവശം 5.50 കോടിയുടെ 10,600 ഗ്രാം സ്വർണവുമുണ്ട്. ഇരുവർക്കും വാഹനങ്ങളില്ല.

ബിസിനസും ശമ്പളവുമാണ് വരുമാനസ്രോതസ്സ്. ആർക്കിടെക്ടായ ഭാര്യക്ക്‌ വാടകവരുമാനവും ശമ്പളവുമുണ്ട്. 2022-2023ൽ അശോക് കുമാർ 1.09 കോടിയുടെയും ഭാര്യ 1.03 കോടി രൂപയുടെയും ആദായനികുതി റിട്ടേൺ സമർപ്പിച്ചു.

ഈറോഡ് കൊടുമുടി താലൂക്കിലെ പുതുപ്പാളയം സ്വദേശിയായ 54-കാരൻ അശോക് കുമാർ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 2021-ൽ ആട്രൽ ഫൗണ്ടേഷൻ എന്ന സംഘടന തുടങ്ങി ഇതിലൂടെ പാവപ്പെട്ടവർക്ക് ചികിത്സ നൽകുന്നുണ്ട്.

അമ്മ കെ.എസ്. സൗന്ദരം 1991-ലെ തിരുച്ചേങ്കോട് എം.പി.യാണ്. ഭാര്യയുടെ അമ്മ സി. സരസ്വതി മൊടക്കുറിച്ചിയിലെ സിറ്റിങ് എം.എൽ.എ.യും.

എൻജിനിയറിങ് ബിരുദവും അമേരിക്കയിൽ ഉന്നതപഠനവും പൂർത്തിയാക്കിയ അശോക് കുമാർ 1992 മുതൽ 2005 വരെ ബഹുരാഷ്ട്ര കമ്പനികളിൽ ജോലിചെയ്തിരുന്നു.

നേരത്തേ ബി.ജെ.പി.യിൽ ആയിരുന്നപ്പോൾ പാർട്ടിയുടെ സംസ്ഥാന ഒ.ബി.സി. വിഭാഗം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. 2023 നവംബറിലാണ് അണ്ണാ ഡി.എം.കെ.യിൽ ചേർന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts