ചെന്നൈ : ഐ.പി.എൽ. ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് നിയന്ത്രിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബി.സി.സി.ഐ) മദ്രാസ് ഹൈക്കോടതിയുടെ നിർദേശം.
ചെന്നൈ സ്വദേശിയായ അഭിഭാഷകൻ സത്യപ്രകാശ് നൽകിയ പൊതുതാത്പര്യ ഹർജിയിൽ വെള്ളിയാഴ്ച വാദംകേട്ട ചീഫ് ജസ്റ്റിസ് ഗംഗാപൂർവാല, ജസ്റ്റിസ് ജെ. സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് നടപടിയെടുക്കാൻ നിർദേശിച്ചത്.
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.പി.എൽ. മത്സരങ്ങൾക്കുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നത് വ്യാപകമാണെന്നും ഇതു തടയാൻ ബി.സി.സി.ഐ.ക്കും സ്പോർട്സ് ഡിവലപ്മെന്റ് അതോറിറ്റിക്കും നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ടിക്കറ്റ് വിൽപ്പനയിൽ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണമുണ്ട്. എങ്കിലും ചെന്നൈയിൽ നടന്ന എല്ലാ മത്സരങ്ങളിലും ചില സാമൂഹിക വിരുദ്ധർ ടിക്കറ്റ് മൊത്തമായി വാങ്ങി കരിഞ്ചന്തയിൽ വിറ്റു.
ഒരു ടിക്കറ്റിന് 14,000 മുതൽ 16,000 രൂപവരെ നിരക്കിലാണ് കരിഞ്ചന്തക്കാർ സ്റ്റേഡിയത്തിന്‍റെ പരിസരത്ത് വിൽക്കുന്നത്.
ഒരാൾക്ക് രണ്ട് ടിക്കറ്റുകൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെങ്കിലും കരിഞ്ചന്തക്കാർക്ക് മൊത്തമായി ടിക്കറ്റ് വാങ്ങാൻ എങ്ങനെ കഴിയുന്നെന്നും ഹർജിക്കാരൻ സംശയമുന്നയിച്ചു.
ബി.സി.സി.ഐ.യും സ്പോർട്സ് ഡിവലപ്മെന്റ് അതോറിറ്റിയും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആരോപിച്ചു.
എന്നാൽ, ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നത് നിയന്ത്രിക്കാൻ പോലീസ് നടപടി സ്വീകരിക്കുകയാണെന്നും 42 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 54 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.