ചെന്നൈ : വേനൽ ചൂട് വർധിച്ചുവരികെ ചെന്നൈയിലെ കുടിവെള്ള ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് മൊത്തം സംഭരണശേഷിയുടെ 51 ശതമാനമായി കുറഞ്ഞു.
ചൂട് കൂടിയതോടെ ടാങ്കർ ലോറികളിൽ വിതരണംചെയ്യുന്ന വെള്ളത്തിന്റെ അളവ് വർധിച്ചതാണ് സംഭരണശേഷി കുറയാൻ കാരണം.
ചെന്നൈയിലെ ജലസംഭരണികളിലെയും കടലൂരിലെ വീരാനം തടാകത്തിൽ നിന്നുമായി ലഭിക്കുന്ന വെള്ളത്തിന്റെ അളവും ചേർത്ത് മൊത്തം 13.2 ടി.എം.സി.
വെള്ളമാണ് മൊത്തം സംഭരണശേഷി. എന്നാൽ, ഇപ്പോൾ സംഭരണികളിലെ ജലനിരപ്പ് 6.8 ടി.എം.സി.യായി കുറഞ്ഞു.
കടുത്ത ചൂടിൽ ബാഷ്പീകരണം വർധിച്ചതും വെള്ളത്തിന്റെ അളവ് കുറയാൻ കാരണമായതായി ജലവിതരണ അതോറിറ്റി അധികൃതർ അറിയിച്ചു.
ഇനി ചെന്നൈയ്ക്ക് സമീപമുള്ള കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളിലാണ് പ്രതീക്ഷ.
മിഞ്ചൂർ, നെമ്മേലിയിലെ രണ്ട് കടൽവെള്ള ശുദ്ധീകരണകേന്ദ്രം എന്നിവയിൽ നിന്നായി ദിവസവും 350 ദശലക്ഷം വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനാകും.