ചെന്നൈ : വിരുദുനഗർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി മാണിക്കം ടാഗോറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൊതുയോഗത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വിരുദുനഗറിൽ വ്യാഴാഴ്ച നടന്ന പ്രചാരണ യോഗത്തിനുശേഷം പങ്കെടുത്തവർക്ക് കോൺഗ്രസ് പ്രവർത്തകർ പണം കവറിലാക്കി നൽകുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മാണിക്കം ടാഗോറിന്റെ പ്രചാരണത്തിൽ വൻ ജനക്കൂട്ടമാണ് വിരുദുനഗർ ജില്ല ആസ്ഥാനത്ത് കൂടിയിരുന്നത്. വോട്ടിനു പണം നൽകുന്നതു തടയാൻ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡുകൾ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനിടെയാണ് പണം വിതരണം പരസ്യമായി നടന്നത്.
ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
അണ്ണാ ഡി.എം.കെ. സഖ്യത്തിനുവേണ്ടി ഡി.എം.ഡി.കെ. സ്ഥാനാർഥി വിജയ് പ്രഭാകരൻ, ബി.ജെ.പി. സ്ഥാനാർഥി രാധികാ ശരത് കുമാർ, നാം തമിഴർ സ്ഥാനാർഥി എസ്. കൗശിക് തുടങ്ങിയവരാണ് മത്സരിക്കുന്നത്.